റഷ്യയിലും ജപ്പാനിലും ആഞ്ഞടിച്ച് സുനാമി
മോസ്‌കോ: അതിശക്തമായ ഭൂകമ്പത്തെ തുടര്‍ന്നു റഷ്യന്‍ തീരങ്ങളില്‍ ശക്തമായ സുനാമി തിരകള്‍ ആഞ്ഞടിച്ചു. റഷ്യയിലെ സെവേറോ-കുറില്‍സ്‌ക് മേഖലയില്‍ സുനാമി തിരകള്‍ കരയിലേക്ക് ആഞ്ഞടിച്ചതായി സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത വിഡിയോകളില്‍ നിന്ന് വ്യക്തമാകുന്നത്. റഷ്യയിലെ കാംചത്ക ഉപദ്വീപില്‍ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെയാണിത്. പസിഫിക് സമുദ്രത്തില്‍ പെട്രോപാവ്ലോവ്സ്‌ക് - കാംചാറ്റ്‌സ്‌കി നഗരത്തിന് തെക്കുകിഴക്കായി 126 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. റഷ്യയിലെ കംചത്ക ഉപദ്വീപില്‍ ഉണ്ടായ ഭൂചലനത്തെ തുടര്‍ന്ന് ജപ്പാനില്‍ സുനാമി തിരകള്‍ ആഞ്ഞടിച്ചു. വടക്കന്‍ ജപ്പാനിലെ ഹൊക്കൈഡോ മേഖലയിലാണ് സുനാമി തിരകള്‍ എത്തിയത്. ഫുകുഷിമ ആണവ നിലയത്തിലെ ജീവനക്കാരെ ഒഴിപ്പിച്ചു. 2011ല്‍ ജപ്പാനില്‍ ആഞ്ഞടിച്ച സുനാമിയില്‍ ആണവകേന്ദ്രം തകര്‍ന്നിരുന്നു. ജപ്പാനിലും അമേരിക്കയിലും സൂനാമി മുന്നറിയിപ്പ് നേരത്തേ പുറപ്പെടുവിച്ചിരുന്നു. അലാസ്‌കയിലും ഹവായിയിലും യുഎസ് അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരപ്രദേശത്ത് നിന്നും ഒഴിപ്പിക്കല്‍ നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇന്തോനീഷ്യ, ഫിലിപ്പീന്‍സ്, ന്യൂസിലന്‍ഡ്, കാനഡ തുടങ്ങിയ രാജ്യങ്ങളും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജൂലൈ 20നു റഷ്യയില്‍ ഒരു മണിക്കൂറിനിടെ 5 ഭൂകമ്പമാണ് ഉണ്ടായത്. പസഫിക് സമുദ്രത്തില്‍ പെട്രോപാവ്ലോവ്സ്‌ക്-കാംചാറ്റ്‌സ്‌കി നഗരത്തിന് അടുത്തായാണ് അന്ന് 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.